This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമാന്ധാംകുന്നു ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമാന്ധാംകുന്നു ക്ഷേത്രം

കേരളത്തിലെ മൂന്ന് ഭദ്രകാളി മഹാക്ഷേത്രങ്ങളില്‍ ഒന്ന്. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ അങ്ങാടിപ്പുറത്ത് സ്ഥിതി ചെയ്യുന്നു. മാന്ധാതാവ് മഹര്‍ഷിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. 4-ാം ശ.-ത്തിലാണ് ഇവിടെ പ്രതിഷ്ഠ നടന്നത് എന്നു കണക്കാക്കപ്പെടുന്നു.

ഭഗവതിയുടെ ശ്രീകോവിലിനുള്ളില്‍ സപ്തമാതാക്കളുടെ പ്രതിഷ്ഠകളുണ്ട്. നാലമ്പലത്തിനുള്ളില്‍ തന്നെ ശിവലിംഗ പ്രതിഷ്ഠയും മഹര്‍ഷിയുടെ സമാധിയുമുണ്ട്. മാന്ധാതാവിന്റെ സമാധി സ്ഥലമാകയാലാണ് തിരുമാന്ധാംകുന്ന് എന്നറിയപ്പെടുന്നതെന്നാണ് വിശ്വാസം. ഈ കുന്നിന്റെ പ്രാചീന നാമമാണ് തിരുമാനാംകുന്ന് എന്നു കാണുന്നതിനാല്‍ ചരിത്രപരമായി ഐതിഹ്യത്തില്‍ കഴമ്പില്ല എന്ന വാദഗതിയുമുണ്ട്. നാല് മാസക്കാലം ഇവിടെ കളമെഴുത്തും പാട്ടും നടക്കുന്നു. ഇവിടത്തെ പതിനൊന്നാംപൂരവും പൂരത്തിനു പാണന്റെ തണ്ടിലേറി വരവും പ്രസിദ്ധമാണ്. പായസവും ത്രിമധുരവുമാണ് പ്രധാന നിവേദ്യം. ഇവിടത്തെ 'മംഗല്യ പൂജ' വഴിപാട് പ്രസിദ്ധമാണ്. വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഈ ദേവിക്ക് ശ്രീ പോര്‍ക്കലി എന്നും പേരുണ്ട്. പൂന്താനം നമ്പൂതിരിക്ക് വസൂരി ബാധിച്ചപ്പോള്‍ അദ്ദേഹം രോഗശമനത്തിനായി തിരുമാന്ധംകുന്ന് ഭഗവതിയെ പ്രകീര്‍ത്തിച്ച് ഘനസംഘം എന്ന കീര്‍ത്തനം രചിച്ചതായി ഐതിഹ്യമുണ്ട്. അരിപ്രകോവിലകം വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോള്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന്റെ നിയന്ത്രണത്തിലാണ്. ഈ ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് പ്രസിദ്ധമായ ചാവേര്‍ത്തറ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍